വഴി തെറ്റരുതേ, തെറ്റിക്കരുതേ

0


ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍( മത്താ 24: 4)

വഴിയുണ്ടെങ്കില്‍ വഴിതെറ്റലുമുണ്ട്. കാലങ്ങളായി വഴി തെറ്റിക്കൊണ്ടിരിക്കുന്നവരുണ്ട്. പിന്നെ വീണ്ടും ശരിയായ ദിശയിലേക്ക് തിരികെ കയറുകയും ചെയ്യുന്നവരുണ്ട്. ഓരോ ചെറിയ ഇടര്‍ച്ചകള്‍ പോലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വഴിതെറ്റലുകള്‍ തന്നെയാണ്.

വഴി തെറ്റുന്നതിനെക്കാള്‍ ഭീകരമാണ് മറ്റൊരാള്‍ മൂലം വഴി തെറ്റുന്നത്. വഴിതെറ്റിക്കുന്നത്. സമീപകാലസിനിമയായ ഞാന്‍ പ്രകാശനില്‍ അങ്ങനെയൊരു ദൃശ്യമുണ്ട്. ഒരു വീട്ടിലേക്കുള്ള വഴി ചോദിച്ചുവരുന്ന കാര്‍യാത്രക്കാരോട് വീട് തൊട്ടടുത്തായിരുന്നിട്ടും മറ്റൊരു വഴി പറഞ്ഞുകൊടുത്ത് തെറ്റായ ദിശയിലേക്ക് വണ്ടി തിരിച്ചു വിടുകയാണ് നായകന്‍.

ഒരാളുടെ ബാഹ്യഭംഗികൊണ്ടും പ്രസംഗപാടവം കൊണ്ടും രൂപസൗന്ദര്യം കൊണ്ടുമൊക്കെ അത് ശരിയാണെന്ന മട്ടില്‍ പലര്‍ക്കും വഴിതെറ്റിപ്പോകാറുണ്ട്, ശരിയാണല്ലോ അയാളാണല്ലോ പറഞ്ഞത്, അത് ശരിയാണല്ലോ എന്ന മട്ടില്‍. ആത്മീയരംഗത്തും ചില വഴിതെറ്റിക്കലുകളൊക്കെയുണ്ട്. ഓരോ പ്രസ്ഥാനങ്ങളും സെക്ടുകളും തങ്ങളുടേത് മാത്രമാണ് ശരിയെന്ന മട്ടില്‍ വചനത്തില്‍ വെള്ളം ചേര്‍ത്ത് ഓരോരോ രീതികളിലേക്ക് സാധാരണക്കാരുടെ ജീവിതങ്ങളെ വഴിതിരിച്ചുവിടും. ചെറിയ ശരികളില്‍ കലരുന്ന വലിയ മായങ്ങള്‍ മൂലം പാവങ്ങള്‍ അത്തരമൊരു ധാരണയെ വെള്ളം കൂടാതെ വിഴുങ്ങുകയും ചെയ്യും. അത്തരം പ്രവണത ഒരുപക്ഷേ ക്രിസ്തുവിന്റെ കാലത്തും ഉണ്ടായിരുന്നു. ഇനിയുള്ള കാലങ്ങളിലും ഉണ്ടായിരിക്കും.

അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത് അതും ഇതും പറഞ്ഞ് ആരും നിങ്ങളുടെ വഴി തെറ്റിക്കാതെ സൂക്ഷിക്കണമെന്ന്. ആ പ്രബോധനത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരും എന്നാണ് ക്രിസ്തു പറയുന്നത്. അതില്‍ എല്ലാവരും പെടും. എല്ലാവരും. അവിടെയാണ് നമ്മള്‍ ജാഗരൂകരാകേണ്ടത്. ഇന്ന ആളുകളാണ്, ഇന്ന സെക്ടറുകളാണ്, ഇന്ന പ്രസ്ഥാനങ്ങളാണ് വഴിതെറ്റിക്കുന്നത് എന്ന് പരിമിതപ്പെടുത്തിയിരുന്നുവെങ്കില്‍ നമുക്ക് അവരെ മാത്രം സൂക്ഷിച്ചാല്‍ മതിയായിരുന്നു. പക്ഷേ ആരും എന്ന മുന്നറിയിപ്പില്‍ വല്ലാത്തൊരു കരുതല്‍ നാം എടുക്കേണ്ടതുണ്ട്.

ദൈവവുമായി വ്യക്തിപരമായ അടുപ്പവും ധ്യാനവുമുള്ള ഒരാള്‍ അത്രയെളുപ്പത്തില്‍ ഇത്തരം അപകടങ്ങളില്‍ ചെന്നുചാടുകയില്ല. ഉള്ളിലിരുന്ന് മനസ്സാക്ഷി ശരിയും തെറ്റും അയാള്‍ക്ക് പറഞ്ഞുകൊടുക്കും.

ജീവിതത്തിന്റെ ശരിയായ ദിശയിലേക്ക് തിരിയുന്നതിന് പകരം തെറ്റായ വഴികാട്ടികള്‍ അതിന്റെ ഗതികള്‍ തിരിച്ചുവിടുന്നതുപോലെയാണ് അത്.

നാലുവരിപ്പാതയിലും മറ്റുമുള്ള വഴികാട്ടികള്‍ ശരിയായ ദിശയും വഴിയും പറഞ്ഞുതരുന്നതുപോലെ ജീവിതത്തിന്റെ ശരിയായ വഴിയിലേക്ക് തിരിയണമെങ്കില്‍ ചില വഴികാട്ടികള്‍ വേണം. വചനം പോലെ നമുക്ക് വഴി കാണിച്ചുതരുന്ന മറ്റൊരു വഴികാട്ടിയുമില്ല.

ദൈവമേ ഇന്നേ ദിവസം എന്റെ ജീവിതത്തിന്റെ വഴികളില്‍ നീയെനിക്ക് വചനത്തിന്റെ വെളിച്ചം വീശി എന്റെ വഴികളെ കൃത്യമാക്കണമേ. മറ്റൊരാളെയും തെറ്റായ വഴിയിലൂടെ നടത്താന്‍ ഞാന്‍ കാരണമാകരുതേ. എന്റെ സ്വാര്‍ത്ഥതകൊണ്ട് നിന്റെ വചനങ്ങളില്‍ മായം ചേര്‍ക്കാനോ അതുവഴി തെറ്റായ വഴിയിലേക്ക് നയിക്കാനോ എന്നെ ഇടയാക്കരുതേ. ഈ പ്രഭാതത്തിലെ എന്‍റെ നേരായ വഴികള്‍ എന്‍റെ മരണത്തിന്‍റെ വിനാഴികവരെയുളള നേരായ വഴിതന്നെയായി മാറട്ടെ.

വഴി തെറ്റിയാല്‍ തിരികെ മടങ്ങാന്‍ മടിക്കരുത്. മറക്കരുത്.
ശരിയായ വഴിയില്‍ ഒരുമിച്ചുനടക്കാന്‍ സ്‌നേഹപൂര്‍വ്വം കൈകള്‍ കോര്‍ക്കാം
നല്ല ദിനം
വി.എന്‍.