തക്കസമയം

0


തക്കസമയത്ത് പോവുക, അവസാനത്തവന്‍ ആകരുത്. വേഗം വീട്ടില്‍ പോവുക. തങ്ങിനില്ക്കരുത്. അവിടെ ചെന്ന് ഇഷ്ടാനുസരണം സന്തോഷിക്കുക( പ്രഭാ 32: 11)

ഓഫീസില്‍ കൂടുതല്‍ സമയം ചെലവഴിച്ചാലേ സ്ഥാപനത്തോട് ആത്മാര്‍ത്ഥതയുള്ളവരാകൂ എന്നൊരു ധാരണ പുലര്‍ത്തിപോന്നിരുന്ന ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കാലഘട്ടത്തിലാണ് സെമിനാരിയില്‍ നിന്ന് സ്വയം പുറത്തുപോന്ന സഹപ്രവര്‍ത്തകനായ ഒരു സുഹൃത്ത് ഈ ബൈബിള്‍ വചനം എന്നെ കാണിച്ചുതന്നത്. എന്നിട്ട് അവന്‍ പറഞ്ഞു,

ഇനി അഞ്ചുമണിക്ക് ഓഫീസില്‍ നിന്ന് പോകുന്നതിന് മാനേജരോ മറ്റോ ഗുണദോഷിച്ചാല്‍ നമുക്ക് ഇതെടുത്തുകാണിക്കണം. ബൈബിളില്‍ എല്ലാറ്റിനും ഉത്തരമുണ്ടെന്ന് അവരോട് പറയാമല്ലോ.

ഇപ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷം ഞാന്‍ അവനെ ഓര്‍മ്മിച്ചു, അവനെ ഓര്‍മ്മിച്ചപ്പോള്‍ ഈ തിരുവചനത്തെയും. സ്ഥാപനത്തോടുള്ള ആത്മാര്‍ത്ഥത വിലയിരുത്തപ്പെടേണ്ടത് ഒരുവന്‍ എത്രസമയം ഓഫീസില്‍ ചെലവഴിച്ചു എന്ന് നോക്കിയായിരിക്കരുത് മറിച്ച് അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ നിയോഗിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ അവന്‍ എത്രത്തോളം സത്യസന്ധമായും ആത്മാര്‍ത്ഥമായും നിറവേറ്റി എന്നതിന്റ അടിസ്ഥാനത്തിലായിരിക്കണം..

നമ്മുടെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഇങ്ങനെയൊരു അബദ്ധധാരണ കടന്നുകൂടിയിട്ടുണ്ട്. ഒരുവന്‍ ജീവിക്കുന്നത് ഓഫീസില്‍ അല്ല, അവന്റെവീട്ടില്‍ അവന്റെ പ്രിയപ്പെട്ടവരുടെ ഒപ്പമാണ്. അങ്ങനെ ജീവിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് അവന്റെ ജോലി. അത് ഓഫീസിലെ ജോലിയോ പറമ്പിലെ ജോലിയോ ആകാം. അതിന് അവന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന വേതനവും സമയവുമുണ്ട്.അതിന് ശേഷമുള്ള സമയം അവന്റെ സ്വകാര്യ സ്വത്താണ്. അത് ഏതു ദൈവികനിയമത്തിന്റെ പേരിലായാലും ആര്‍ക്കും കൈയിട്ടുവാരാനാവില്ല.

അതുപോലെ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ കൃത്യതയോടെ ചെയ്തുതീര്‍ക്കുകയും വേണം.. ഫെയ്‌സബുക്കിനും വാട്ട്‌സാപ്പിനുമായി ഓഫീസ് സമയം ചെലവഴിച്ചതിന് ശേഷം അഞ്ചുമണികഴിഞ്ഞ് ജോലിചെയ്ത് മാനേജ്‌മെന്റിന്റെ പ്രീതിപിടിച്ചുപറ്റാന്‍ ശ്രമിക്കരുത.

ഇന്നേ ദിവസം നമുക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കാം, എന്റെ ജോലി ഞാന്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും കൃത്യസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കും. ജോലിയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍, ജോലിസമയത്തെക്കുറിച്ചും നമുക്കുണ്ടാകട്ടെ

തക്കസമയത്ത് ഉചിതമായത് ചെയ്യുവാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്

വിഎന്‍.