നീയാണ് ക്രിസ്തു

0


നിങ്ങള്‍ ക്രിസ്‌തുവിനെപ്പറ്റി എന്തു വിചാരിക്കുന്നു? മത്തായി 22 : 42

പത്തുവർഷമായി തെലങ്കാന നിസാമാബാദ് സ്വദേശിയായ ലിംബാദ്രി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദിയിലെ ജയിലിലായിരുന്നു‌. കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെടുന്നത്ര ദയാധനം നൽകിയാലല്ലാതെ ജയിൽമോചനം സാധ്യമല്ലാത്ത സാഹചര്യം. കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ടത് 13 ലക്ഷം റിയാലാണ് (2.20 കോടി രൂപ). അതാകട്ടെ ലിംബാദ്രിയുടെ കുടുംബത്തിനു സങ്കൽപിക്കാൻ പോലുമാകാത്തത്ര വലിയ തുകയാണ്.

പ്രതീക്ഷകളറ്റു കഴിയുമ്പോഴാണ് എങ്ങനെയോ വിവരമറിഞ്ഞ, ദഹ്റാനിൽ വൻകിടയന്ത്രങ്ങളുടെ വിൽപനക്കാരനായ അവാദ് അലി ഖുറയ്യ സഹായിക്കാനായി എത്തുന്നത്. യാതൊരു മുൻപരിചയവുമില്ലാത്ത, നേരിൽ കണ്ടിട്ടുപോലുമില്ലാത്ത ലിംബാദ്രിയെ സ്വന്തം കയ്യിൽ നിന്ന് 2.20 കോടി രൂപ (13 ലക്ഷം റിയാൽ) നൽകിയാണ് ഖുറയ്യ വധശിക്ഷയിൽനിന്നും തടവറയിൽനിന്നും തിരികെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയത്.

ലിംബാദ്രി ജയിൽമോചിതനായ വിവരമറിഞ്ഞതോടെ നാട്ടിൽ മാതാപിതാക്കളും ഭാര്യ ലക്ഷ്മിയും മക്കളുമെല്ലാം, കരുണയുടെ രൂപമായി കടന്നുവന്ന അവാദ് അലി ഖുറയ്യയുടെ ചിത്രത്തിനു മുന്നിൽ നന്ദിയോടെ പ്രണമിക്കുകയാണ്. 
ദൈവത്തെ, നമ്മളന്ന്വേഷിക്കുന്ന ഉയരങ്ങളിലോ, ഗിരിശൃംഗങ്ങളിലോ, ആരാധനാലായങ്ങളിലോ ചിലപ്പോൾ കണ്ടുമുട്ടിയെന്നുവരില്ല. ദൈവം പ്രത്യക്ഷപ്പെടുന്നത് ഒരു പക്ഷെ ഒരു സുഹൃത്തിന്റെ രൂപത്തിലാകാം, പ്രണയിനിയുടെ ശബ്ദത്തിലാകാം, കുഞ്ഞിന്റെ പുഞ്ചിരിയിലൂടെയാകാം, ഒഴുകുന്ന പുഴയിലൂടെയാകാം. വീശുന്ന കാറ്റിനും വീഴുന്ന ഇലയ്ക്കും നിന്നോട് ദൈവത്തെക്കുറിച്ച് പറയാനാകും. മഞ്ഞും തണുപ്പും കാറ്റും വെളിച്ചവുമെല്ലാം ദൈവത്തെക്കുറിച്ചല്ലേ നിന്നോട് പറയുന്നത്?. 

തന്റെ സന്ന്യാസത്തിന്റെ അർത്ഥത്തെക്കുറിച്ച് ആകുലചിത്തനായ ഒരു യുവസന്ന്യാസി തന്റെ സന്ന്യാസവസ്ത്രമുപേക്ഷിച്ച് ഒരുപുഴയുടെ അരികെ ചിന്താധീനനായി ഇരിക്കുകയാണ്. അതിലെ കടന്നുപോയ ഒരു ബാലൻ തന്റെ അമ്മയോട് പറയുന്നു ആ ചെറുപ്പക്കാരന് ഭഗവാന്റെ ഛായയാണെന്ന്. അതുകേട്ട് സന്ന്യാസി നെഞ്ചുതകർന്നു കരയുകയാണ്. മറ്റുള്ളവർ തന്നിൽകാണുന്ന ദൈവാംശം തനിക്കിനിയും കാണാനായില്ലല്ലോ എന്നോർത്ത്.

ക്രിസ്തു അകലങ്ങളിൽ, നിന്റെ പരിമിതികൾക്ക് പുറമേയുള്ളവനല്ല. അവൻ നിന്റെ കൂടെയുള്ളവനാണ്. കൂടെ നടക്കുന്നവനാണ്, ഒരുപക്ഷേ നീ പോലും അറിയാതെ. ഇന്നുവരെയുള്ള ജീവിതത്തിൽ എത്രയോ പ്രാവശ്യം നീ പ്രതീക്ഷിക്കാത്ത വിധത്തിൽ ദൈവം നിന്നെ പരിപാലിച്ചു. മകളുടെ വിവാഹത്തിന് ദിവസങ്ങൾമുന്പു പോലും കയ്യിൽ പണമില്ലാതെ, ഇനി എന്തുചെയ്യണം എന്നറിയാതെ മാതാവിന്റെ ഗ്രോട്ടോക്ക് മുൻപിൽ കരഞ്ഞുനിന്ന പിതാവിന്, വികാരിയച്ചൻ അടുത്ത് വിളിച്ച്, വലിയൊരു തുക കൊടുത്തു. ‘നിങ്ങളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഒരു ഇടവകക്കാരൻ നിനക്ക് നൽകാനായി ഏല്പിച്ചതാണ്. അദ്ദേഹം പേര് പറയാൻ ആഗ്രഹിക്കുന്നില്ല’.
പ്രശ്നം ഇതൊന്നുമല്ല. നീ ക്രിസ്തുവിനെ ആവോളം അനുഭവിച്ചവൻ.

എന്നാൽ നിന്നിലൂടെ എത്രപേർക്ക് ക്രിസ്തുവിനെ അറിയാനായി? എത്രപേരുടെ മുന്നിൽ നീ ക്രിസ്തുവായി പ്രത്യക്ഷപ്പെട്ടു?

ശുഭരാത്രി

Fr Sijo Kannampuzha OM